രാജാക്കാട്: സർക്കാരും ഡിടിപിസിയും രാജാക്കാട് പഞ്ചായത്തും ചേർന്ന് ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉടുമ്പൻചോല നിയോജകമണ്ഡലംതല ആഘോഷം 23നും 24 നും രാജാക്കാട്ട് നടക്കും. മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മേഖലയിലെ ചെറുതും വലുതുമായ ഏല്ലാ ടൂറിസം കേന്ദ്രങ്ങളെയും കോർത്തിണക്കിയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനാണ് ടൂറിസം ഡിപ്പാർട്ടുമെന്റ് മൂന്നാറിനും തേക്കടിക്കും ഇടയിലുള്ള രാജാക്കാട് സെന്ററിനെ തെരഞ്ഞെടുത്ത് ടൂറിസം പ്രോജക്റ്റുകൾ വികസിപ്പിക്കാൻ ഒരുങ്ങുന്നത്.
നാളെ രാവിലെ 10.30ന് വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ ക്രിസ്തുജ്യോതി സ്കൂൾ ജംഗ്ഷനിൽനിന്നു രാജാക്കാട് ടൗണിലേക്കു നടത്തുന്ന സാംസ്കാരിക റാലി സേനാപതി വേണു എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. 24ന് രാവിലെ ഒന്പതു മുതൽ വിവിധ മത്സരങ്ങൾ നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് അഖില കേരള വടംവലി മത്സരവും 6.30ന് സംസ്കാരിക സമ്മേളനവും നടക്കും.
സംസ്കാരിക സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ കിങ്ങിണി രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഓണ സന്ദേശം നൽകും. ജനറൽ കൺവീനർ ബെന്നി പാലക്കാട്ട് സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി സി.എസ്. അനന്തകൃഷ്ണൻ നന്ദിയും പറയും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ. അജീഷ് കുമാർ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, കൺവീനർ വി.എസ്. ബിജു എന്നിവർ പ്രസംഗിക്കും. രാത്രി ഏഴിന് ഡിജെയും നടക്കും.